Education
തിരുവനന്തപുരം: ഡൽഹി പൊലിസ്, കേന്ദ്ര സായുധ സേന പൊലിസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ നോളജ് സെന്ററില് സര്ക്കാര് അംഗീകൃതവും നോര്ക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ്വേര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, പിഎസ്സി നിയമനങ്ങള്ക്ക് യോഗ്യമായ പിജിഡിസിഎ, സിഎ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്ക്ക് ഫോൺ: 04842971400.
District News
പാലക്കാട്: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളും വിഷയങ്ങളും അവലോകനം ചെയ്യുന്നതിന് രമേഷ് പിഷാരടി എംഎൽഎ ആവശ്യപ്പെട്ട പ്രകാരം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ഓഫിസിൽ യോഗം ചേർന്നു.
വകുപ്പിന് കീഴിലെ പുതിയതും നടന്നുകൊണ്ടിരിക്കുന്നതും പ്രതിസന്ധിയിലായതുമായ വിവിധ പ്രവൃത്തികളെ കുറിച്ച് എംഎൽഎ മന്ത്രി മുന്പാകെ അവതരിപ്പിച്ചു. ഒലവക്കോട് മേഖലയിൽ പതിവായിതീർന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൽപാത്തിപുഴയിലെ പുതിയപാലത്തിന് സമാന്തരമായി പുതുതായി പാലം നിർമിക്കണമെന്ന ആവശ്യം എംഎൽഎ യോഗത്തിൽ ഉന്നയിച്ചു.
50 വർഷത്തിനടുത്ത് പഴക്കമുള്ള നിലവിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്പോൾ ഗതാഗതം പൂർണമായി നിർത്തിവയ്ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പാലത്തിലെ ഗതാഗതം തടസപ്പെടുന്പോൾ ബാധിക്കുന്നതെന്നും പാലക്കാട് നഗരത്തെതന്നെ ഇതു കാര്യമായി ബാധിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പുതിയ പാലത്തിനുള്ള സാധ്യതാപഠനം നടത്തുന്നതിന് മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
പാലക്കാട് നഗരത്തിലെ മിഷൻ സ്കൂൾ ജംഗ്ഷൻ, ഐഎംഎ ജംഗ്ഷൻ എന്നിവ നവീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി ഐഎംഎ ജംഗ്ഷൻ നവീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. പുതുനഗരം- കിണാശേരി റോഡിന്റെ ശോചനീയാവസ്ഥയും യോഗത്തിൽ പ്രധാന വിഷയമായി എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് ഉടൻതന്നെ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കൊപ്പം- മുക്കായി റോഡിന്റെ നവീകരത്തിനും ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
കേരളത്തിലെ സര്ക്കാര് / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്ഥികള്ക്ക് നാഷണല് മീന്സ്-കം-മെറിറ്റ് സ്കോളര്ഷിപ് (എന്എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്സിപ്പല് വഴിയോ അപേക്ഷ സമര്പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്സിപ്പലിനു സമര്പ്പിക്കണം. ഹാര്ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്, നവോദയ, സിബിഎസ്ഇ, റസിഡന്ഷ്യല്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്ക്ക് ഓരോ വര്ഷവും സ്കോളര്ഷിപ് കിട്ടും. പരീക്ഷയില് അര്ഹത നേടുന്നവര്ക്ക് 9 മുതല് 12 വരെ ക്ലാസുകളില് പഠിക്കുമ്പോള് പ്രതിവര്ഷം 12,000 രൂപ വീതം സ്കോളര്ഷിപ് ലഭിക്കും. പഠനം തുടര്ന്നും സര്ക്കാര് / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്പതാം ക്ലാസിലെ വാര്ഷിക പരീക്ഷയില് 55% മാര്ക്ക് നേടിയാലേ പത്തില് സ്കോളര്ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല് 60%, 11ല് 55% എന്ന ക്രമത്തില് മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര്ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള് ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര് ഏഴിനാണ് സ്കോളര്ഷിപ്പ് പരീക്ഷ. ഒഎംആര് ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങള്. രണ്ടു ഭാഗങ്ങള്ക്കും ചേര്ത്ത് 40% എങ്കിലും മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര് 32%.
National
ന്യൂഡല്ഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പേപ്പറുകളുടെ യുജിസി നെറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കോര് കാര്ഡുകള് കാണാനും ഡൗണ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) അറിയിച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളിലായി ആകെ 1,96,491 ഉദ്യോഗാര്ഥികളാണു പരീക്ഷയ്ക്കു രജിസ്റ്റര് ചെയ്തിരുന്നത്. ഇതില് 1,20,355 പേര് കഴിഞ്ഞ 9, 10 തീയതികളില് 272 നഗരങ്ങളിലായി സജ്ജീകരിച്ച 454 കേന്ദ്രങ്ങളില് നടന്ന പുനഃപരീക്ഷയില് പങ്കെടുത്തു.
പരീക്ഷയെഴുതിയവരില് 824 പേര് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പിനും (ജെആര്എഫ്), 11,610 പേര് അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും 23,154 പേര് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായുള്ള യോഗ്യതയ്ക്കും അര്ഹത നേടി.
ജെആര്എഫ് നല്കുന്നതിനും അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിലായി യുജിസി നെറ്റ് 2026 ജൂണില് നടത്തിയിരുന്നു. എന്നാല് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലുണ്ടായ പിശകുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
Education
കൊച്ചി: കംപ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി ഐഐടി ബോംബെ പുതിയ ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു.
എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി ചേർന്നാണു കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തോടൊപ്പം ഐഐടി ബോംബെ കാമ്പസിൽ നേരിട്ടുള്ള സെഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, അൽഗോരിതങ്ങൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കംപ്യൂട്ടർ സയൻസ്, എഐ ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആറ് കോഴ്സുകൾപ്പെട്ട പ്രോഗ്രാം ഒരു വർഷംകൊണ്ടു പൂർത്തിയാക്കാം.
പരമാവധി മൂന്നു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്വേർ ഡെവലപ്പർമാർ, എൻജിനിയർമാർ, ഐടി പ്രഫഷണലുകൾ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https:// www.cse.iitb.ac.in/academics/programme/epgd സന്ദർശിക്കുക:
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
Kerala
കോഴിക്കോട്: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് വ്യാപകമായി കൃഷിനാശം സംഭവിച്ച സാഹചര്യത്തില് മണ്ണൊലിപ്പുണ്ടായ സ്ഥലങ്ങളില് വീണ്ടും കൃഷി സാധ്യമാണോ, മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് പഠിക്കാന് കൃഷി വകുപ്പ്. കൃഷിവകുപ്പ് രൂപവത്കരിച്ച സ്പെഷ്യല് ടാസ്ക് ഫോഴ്സ് ഇതടക്കം മറ്റു വിഷയങ്ങളും പഠനവിധേയമാക്കും.
കൃഷിനാശം കണക്കാക്കലും പുനഃകൃഷി ആസൂത്രണം ചെയ്യലും ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്. കൃഷിവകുപ്പ് സ്പെഷ്യല് സെക്രട്ടറി ടി.വി. സുഭാഷ് ചെയര്മാനായ സമിതിയില് കൃഷി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും കാര്ഷിക സര്വകലാശാല വിദഗ്ധരും അംഗങ്ങളാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടോ എന്നറിയാന് ടാസ്ക്ഫോഴ്സ് മണ്ണ് പരിശോധന നടത്തും. ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാനുള്ള മാര്ഗങ്ങള് നിര്ദേശിക്കും. കര്ഷകര്ക്ക് ആവശ്യമായ വിത്തുകള്, നടീല് വസ്തുക്കള്, ഡോളമൈറ്റ്, കുമ്മായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ചെലവുകള് കണക്കാക്കും.
അഗ്രിസ്റ്റാക്ക് ഡാറ്റ മാപ്പിംഗ് തടസങ്ങള് കാരണം വിള ഇന്ഷ്വറന്സ് നേടാന് കഴിയാത്ത കര്ഷകരുടെ പ്രശ്നങ്ങള് പരിശോധിക്കണമെന്നും ടാസ്ക്ഫോഴ്സിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്ഷകര്ക്ക് അര്ഹമായ ധനസഹായവും ഇന്ഷ്വറന്സ് പരിരക്ഷയും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ സഹായം നല്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പ്രാഥമിക കണക്കുകള് പ്രകാരം സംസ്ഥാനത്ത് 129 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് വിലയിരുത്തല്.45,000ത്തിലധികം കര്ഷകരെയാണ് പ്രകൃതിക്ഷോഭം നേരിട്ടു ബാധിച്ചത്.
Education
സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്ട്ടികള്ച്ചര്, ലോ, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, മെറ്റീരിയല്സ് സയന്സ്, മാത്തമാറ്റിക്സ്, മീഡിയ ആന്ഡ് കമ്യൂണിക്കേഷന്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ്, ഫിസിക്സ്, സോഷ്യല് വര്ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, എപിഡെമിയോളൊജി ആന്ഡ് പബ്ലിക് ഹെല്ത്ത്, ടൂറിസം ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ എംഫില്. ബിരുദം / കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ 4 വര്ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര് നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര് / സിയുടിഎന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്.
അപേക്ഷ
അപേക്ഷകര് ഓണ്ലൈനായി സെപ്റ്റംബര് ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്ഡ് ജെന്ഡര് അപേക്ഷകര്ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില് പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില് സിഎസ്ഐആര്/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്ക്ക്: ടെലിഫോണ്: +919442488406
ഇ-മെയില്: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഒന്നാംഘട്ട പിജി ദന്തൽ (എംഡിഎസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി മൂന്നിനു രാവിലെ 11വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120.
Education
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ബംഗളൂരു, ദുബായി, ഖത്തർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
സ്കോളർഷിപ്പുകൾ: ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപയും നാല്, അഞ്ച് റാങ്കുകൾക്ക് 2 ലക്ഷം രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശന പരീക്ഷയിൽ റാങ്കു നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിലൂടെ സാന്പത്തിക സഹായവും ലഭിക്കും.
ഫൗണ്ടേഷൻ പ്രോഗ്രാം: 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് ഓഫ്ലൈനായും ഓണ്ലൈനായും നടക്കും.
ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് (BSO2026): 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒളിന്പ്യാഡിന്റെ ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടക്കും. സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നീറ്റ് / ജെഇഇ 2027 റിപ്പീറ്റേഴ്സ് & റീറിപ്പീറ്റേഴ്സ്: പുതിയ ബാച്ചുകൾ 16-ന് തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സെന്ററുകളിൽ ഓഫ്ലൈനായും ഓണ്ലൈനായും ബാച്ചുകൾ ആരംഭിക്കും. 2026ലെ നീറ്റ് സ്കോർ/മാർക്കിന്റെ അടിസ്ഥാനത്തിൽ 100 % വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.brilliantpala.org
ഫോണ്: 04822-206100, 206800.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി ഒൻപത് സർക്കാർ എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽതന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവർ മന്ത്രിയെ സമീപിച്ചത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിൽ പോകാതെ തന്നെ ഒൻപത് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച് പഠിക്കാൻ യുഡിഎഫ് ഉപസമിതിയെ നിയമിക്കും. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.
ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. ഉപസമിതി പഠനം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് യുഡിഎഫ് ശിപാർശകൾ നൽകും. ശിപാർശകൾ സംസ്ഥാന സർക്കാർ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കുന്നതിന് ഓണത്തിനുശേഷം യുഡിഎഫ് യോഗം ചേരും. ഓണക്കാല തിരക്കുകൾ കണക്കിലെടുത്താണ് യോഗം ഓണത്തിനുശേഷം നടത്താൻ തീരുമാനിച്ചത്.
യോഗത്തിൽ യുഡിഎഫ് പ്രകടനപത്രികയിലെയും സംസ്ഥാന ബജറ്റിലെയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടക്കും. ഭരണപരിഷ്കാരം, ഭൂപരിഷ്കരണം, വയോജന വകുപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ നിയമനിർമാണ വിഷയങ്ങളിൽ സർക്കാരിനു സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഘടകകക്ഷികളുമായി ചർച്ച ചെയ്തശേഷം തയാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് ഭരണകാലത്ത് തകർന്ന കേരളത്തിന്റെ സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുമെന്നും സ്വകാര്യ, വിദേശ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അടൂർ പ്രകാശ് അറിയിച്ചു. എല്ലാ മാസവും യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില് മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന് സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്.
കാഞ്ഞിരപ്പള്ളി അമല്ജ്യോതി കോളജ് ഓഫ് എന്ജിനിയറിംഗ് സില്വര് ജൂബിലി വര്ഷത്തില് ആരംഭിച്ച അമല് ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില് ഏറ്റവും പൊട്ടന്ഷ്യല് ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്ത്തിക്കാന് അവസരമൊരുക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള് സര്ക്കാരുമായി ഒരുമിച്ച് പ്രവര്ത്തിക്കണം.
വിദ്യാര്ഥികള് ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള് ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില് സാഹചര്യങ്ങള് മുന്കൂട്ടി കണ്ട് പുതിയ കോഴ്സുകള് ഒരുക്കി വിദ്യാര്ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, ഡയറക് ടര് ഫാ.ഡോ. റോയി പഴയപറമ്പില്, അമല് ജ്യോതി ബിസിനസ് സ്കൂള് ഡയറക്ടര് ഡോ. തോമസ് ജോസഫ് എന്നിവര് പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം-മംഗലാപുരം തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് യാത്രക്കാർക്കൊപ്പം ചരക്കു നീക്കവും സുഗമമാക്കുന്ന അതിവേഗ റെയിലിന്റെ നവീന സാധ്യതകളാകും ഇനി സർക്കാർ പഠിക്കുക.
വിഴിഞ്ഞം-മംഗലാപുരം അതിവേഗ റെയിൽ പദ്ധതിയിൽ കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ വലുതും ചെറുതുമായ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുല സാധ്യതകളെക്കുറിച്ചു പഠനം നടത്താനാണ് സർക്കാർ തീരുമാനം. വിമാനത്താവളങ്ങൾ, മെട്രോ റെയിൽ സ്റ്റേഷനുകൾ തുടങ്ങിയവയെയും അതിവേഗ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്താനാകുമോയെന്നു പരിശോധിക്കും.
ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി പഠനം നടത്തി സമർപ്പിച്ച തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ പ്രയോജനം വിഴിഞ്ഞം മുതൽ മംഗലാപുരം നീട്ടിയാൽ ചരക്കു നീക്കത്തിൽ വൻ സാധ്യതയും യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടവുമുണ്ടാകുമെന്നാണു മന്ത്രിസഭ കരുതുന്നത്.
അതിവേഗ റെയിൽപാത മംഗലാപുരം വരെ നീട്ടുന്നതിനെക്കുറിച്ചു ചർച്ച നടത്തണമെന്ന അഭിപ്രായം മന്ത്രിസഭയിലും ഉയർന്നു. യാത്രക്കാരുടെ ടിക്കറ്റ് വരുമാനത്തിലൂടെ പദ്ധതി വരുമാനദായകമാകില്ലെന്ന വിലയിരുത്തൽ പിന്നീട് ഇക്കാര്യം വിശദീകരിച്ച പത്രസമ്മേളനത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികളില്ല
ഇ. ശ്രീധരന്റെ പദ്ധതി റിപ്പോർട്ട് ധനകാര്യ, റെയിൽവേ, പരിസ്ഥിതി വിദഗ്ധർ, ഗതാഗതസെക്രട്ടറി എന്നിവരടങ്ങിയ സമിതി വിലയിരുത്തിയിരുന്നു. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്താതെ ഒരു പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
സിൽവർ ലൈനിന്റെ പേരിൽ മുൻകൂട്ടി ഭൂമി ഏറ്റെടുക്കുന്നത് അടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാപദ്ധതിയെ തുടർന്ന് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ഇന്നലെ ബസുടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മുൻ ട്രാൻസ്പോർട്ട് കമ്മീഷണറും ഡിജിപിയുമായ കെ.പത്മകുമാറാണ് ഗവേഷണ കമ്മിറ്റി ചെയർമാൻ. ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ നാറ്റ്പാക്കിന്റെ മുൻ ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവിയാണ് ഉപാധ്യക്ഷ.
ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ ഡോ. ആർ.ജെ.സഞ്ജയ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ / സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറിയായ കെ. മനോജ് കുമാറാണ്.
കമ്മിറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി ബന്ധപ്പെട്ടവരെ നേരിൽ കേട്ട്, അടിസ്ഥാന ഫീൽഡ് ഡാറ്റ വിശകലനം ചെയ്യും. കമ്മിറ്റി പരമാവധി ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റദ്ദാക്കിയ സിൽവർലൈൻ പദ്ധതിക്കു പകരം കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരാത്തതും അധിക സാന്പത്തിക ബാധ്യത വരാത്തതുമായ അതിവേഗ പാത കൊണ്ടുവരാൻ യുഡിഎഫ് സർക്കാർ.
അതിവേഗ പാതയ്ക്ക് യുഡിഎഫ് സർക്കാർ അനുകൂലമാണെന്നും അതുസംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സാന്പത്തിക- പരിസ്ഥിതി പ്രശ്നങ്ങളൊന്നും പഠിക്കാതെയാണ് ഇടതു സർക്കാർ സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ചത്.
ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. 300 കിലോമീറ്ററോളം മുപ്പതടി ഉയരത്തിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. 200 കിലോമീറ്റർ 10 അടി ഉയരത്തിൽ മതിൽ നിർമിക്കണമായിരുന്നു. പദ്ധതി നടപ്പാക്കിയാൽ വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുമായിരുന്നു.
പദ്ധതി ഉപേക്ഷിച്ചെങ്കിലും വിജ്ഞാപനങ്ങൾ റദ്ദാക്കാത്തതിനാൽ മക്കളുടെ വിവാഹ ആവശ്യത്തിനു പോലും ഭൂമി വിൽക്കാൻ പോലും ആകുമായിരുന്നില്ല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നതുമില്ല. സാന്പത്തിക-പാരിസ്ഥിതിക വിഷയങ്ങളൊന്നും പഠിച്ചിരുന്നില്ല.
വിദഗ്ധരെ നിയോഗിച്ച് യുഡിഎഫ് ഇതു സംബന്ധിച്ചു പഠനം നടത്തിയിരുന്നു. വിവിധ കക്ഷികളും പ്രത്യേകം പഠനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ പാരിസ്ഥിതികമായോ സാന്പത്തികമായോ കേരളത്തെ ബാധിക്കാത്ത പദ്ധതിയാണ് യുഡിഎഫ് സർക്കാർ പരിഗണിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മെഡിക്കല് കോളജിന് പഠനാവശ്യത്തിനായി വിട്ടുനല്കിയ അമ്മയുടെ മൃതദേഹം, മക്കളുടെ ആവശ്യപ്രകാരം മടക്കി നല്കാനാകില്ലെന്ന് ഹൈക്കോടതി.
മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നല്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴു മക്കളില് മൂന്നു പേര് നല്കിയ ഹര്ജി തള്ളിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് ഏഴ് മക്കളുള്ള മേരിയെന്ന സ്ത്രീ മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങള് ചേര്ന്ന് അമ്മയുടെ മൃതദേഹം കളമശേരി ഗവ. മെഡിക്കല് കോളജിന് കൈമാറിയെന്നായിരുന്നു ഹര്ജിക്കാരായ ഗ്രീനി, ഫ്രാന്സിസ്, ഫിലോമിന എന്നീ മക്കളുടെ പരാതി.
മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഞാറയ്ക്കല് പോലീസിലും പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര് ആരോപിച്ചു.
എന്നാല്, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനല്കാന് അമ്മ നേരത്തേതന്നെ സമ്മതപത്രം നല്കിയിരുന്നതായി മറ്റ് സഹോദരങ്ങള് കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള് പാലിച്ചിരുന്നു. പരേതയോടുള്ള അനാദരവാണ് ഹര്ജിക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വാദിച്ചു.
1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാള് തന്റെ ശരീരം പഠനാവശ്യത്തിന് നല്കാന് ആഗ്രഹിച്ചാല് അത് മെഡിക്കല് സ്ഥാപനങ്ങള്ക്ക് കൈമാറാവുന്നതാണ്. ഹര്ജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തില് സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിലയിരുത്തുന്നതിനായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ എപ്പിസ്കോപ്പൽ മെംബറുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാരിന്റെ മുമ്പിൽ ഉന്നയിച്ചതുമുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം അനുസ്മരിച്ചു.
കമ്മീഷൻ റിപ്പോർട്ടിലെ പ്രതിപാദ്യവിഷയങ്ങൾ സമുദായാംഗങ്ങളിൽ ഏവരിലും എത്തിക്കാനുള്ള ഊർജിതശ്രമങ്ങൾ രൂപതകൾ നടത്തണമെന്ന് പഠനശിബിരത്തിൽ സമാപനസന്ദേശം നൽകിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർദേശിച്ചു. കമ്മീഷൻ റിപ്പോർട്ട് സഭകളുമായി ആലോചിച്ചു നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ രൂപതകളിലെ വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. ജോസഫ് വെള്ളമറ്റം എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ചർച്ചകൾ നയിച്ചു.
സീറോമലബാർ സഭാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കാർപ്പ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളിൽനിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പഠനശിബിരത്തിൽ പങ്കെടുത്തു. കമ്മീഷൻ ശിപാർശകൾ സമയബന്ധിതമായി സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥ സംബന്ധിച്ചു സമീപകാല മുന്നറിയിപ്പുകൾ എല്ലാം പറയുന്നത് യഥാർഥ ചൂടിനേക്കാൾ കൂടുതൽ തോന്നിക്കുന്ന ചൂട് അനുഭവപ്പെടുന്നു എന്നതാണ്. യഥാർഥ ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ അതിനോടൊപ്പം ഉയർന്ന ഈർപ്പത്തിന്റെ അളവ് കൂടിച്ചേരുമ്പോൾ 40 ഡിഗ്രിക്കു മുകളിൽ അനുഭവപ്പെടുകയും അത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
എന്നാൽ, ഇപ്പോൾ ഇപ്പോൾ കേരളത്തിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം സാധാരണമല്ല എന്നും അപകടകരമായ ഈർപ്പമുള്ള തരംഗം ആണെന്നും പുതിയ പഠനങ്ങൾ. വേനൽമഴയുടെ ഇടവേളകളിൽ ഉണ്ടാകുന്ന ഈർപ്പമുള്ള ഉഷ്ണ തരംഗ പ്രവണത കേരളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുന്നതായി യുകെയിലെ റീഡിംഗ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു
വിയർപ്പ് ഉണ്ടാകില്ല
താപനിലയിൽ അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണ തരംഗം അല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഉയർന്ന ആർദ്രത ഉള്ളതിനാൽ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യത ഉള്ളതാണെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂടും ഈർപ്പവും ചേരുമ്പോൾ ശരീരത്തിൽനിന്നു വിയർപ്പ് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വയം തണുക്കാനുള്ള കഴിവ് നഷ്ടപ്പെടും. ഇതു സൂര്യാഘാതം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും
"കേരളത്തിൽ മുൻപ് കരുതിയിരുന്നത് ഉൾനാടൻ പ്രദേശങ്ങളിലാണ് ആർദ്രത -ഹ്യുമിഡിറ്റി കൂടുതൽ എന്നാണ്. എന്നാൽ, തീരപ്രദേശ ജില്ലകളിലാണ് മൺസൂണിന്റെ ഇടവേളയുള്ള ഉഷ്ണതരംഗം വർധിക്കുന്നത് - യുകെയിലെ റീസിംഗ് സർവകലാശാലാ പ്രഫസറും പഠനത്തലവനുമായ ഡോ. അക്ഷയ ദേവറസ് ചൂണ്ടിക്കാണുന്നു.
വൈറ്റ് ബൾബ് ടെമ്പറേച്ചർ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ പ്രതിഭാസം അളക്കുന്നത്. ഈർപ്പം കൂടുമ്പോൾ വിയർപ്പും ആവിയാകലും നിലയ്ക്കുന്നു. ശരീരത്തിൽ ചൂടു കൂടിയാൽ ഹൃദയ രക്തസമ്മർദം കൂടും താപനില സാധാരണമായി നമുക്ക് തോന്നിയാലും ശരീരത്തിന് അങ്ങനെയല്ല തോന്നുന്നത് ഇതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് - ഡോക്ടർ വിശദീകരിക്കുന്നു.
ഹൃദയവും ശ്വാസകോശവും
സാധാരണ സൂര്യാഘാതം നിർജലീകരണവും ബോധക്കേടും ഉണ്ടാക്കുമ്പോൾ ഈ പുതിയതരം ഉഷ്ണതരംഗം ഹൃദയത്തെയും വൃക്കകളെയും ശ്വാസകോശങ്ങളെയും ബാധിക്കാം. ഉള്ള രോഗങ്ങളെ കൂടുതൽ തീവ്രമാക്കുകയും ചെയ്യാം. തലവേദന , വിമ്മിഷ്ടം, ശാസതടസം, ബോധം കെടൽ ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.
പിന്നീട് അതു ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിഒപിഡിയായി (copd) മാറാം. പ്രമേഹബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും കാരണമാകും. ബാക്ടീരിയകളും വൈറസുകളും പെരുകുന്ന അവസ്ഥ ആയതിനാൽ സാധാരണ പനി മുതൽ ഡെങ്കി, മലേറി തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം മുതിർന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാൻ ഇടയുള്ളത്. അതിനാൽ തന്നെ ചൂട് കാലത്ത് നന്നായി വിശ്രമിക്കുകയും തണുത്ത സ്ഥലങ്ങളിൽ പെരുമാറുകയും വേണം. കുട്ടികൾ തുറന്ന വെയിലിൽ കളികൾ ഏർപ്പെടുന്നത് വിലക്കുക തന്നെ വേണം .
ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്സിറ്റി കൂടാതെ ലീഡ്സ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെയും ബ്രിട്ടനിലെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി എന്നിവ ചേർന്നാണ് പഠനം നടത്തിയത്.
84 വർഷത്തെ അന്തരീക്ഷ താപനില പഠിച്ച് തയാറാക്കിയ റിപ്പോർട്ട് ക്ലൈമറ്റിക് ഡയനാമിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ദേവറസ് പറയുന്നു- "ഇന്ത്യയിലും കേരളത്തിലും വരണ്ട ഉഷ്ണ തരംഗത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഈർപ്പമുള്ള തരംഗം അത്ര അറിയപ്പെടുന്നില്ല.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകാൻ ഇപ്പോ കഴിയുന്നതിനാൽ ജനങ്ങൾ കൂടുതൽ തയാറെടുപ്പുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുക'.
Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില് കുടുംബജീവിതത്തില് സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള് സൂചിപ്പിക്കുന്നത്, വീട്ടുജോലികള് ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല് തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള് നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള് എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്, ലളിതമായ അറ്റകുറ്റപ്പണികള്, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന് ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
Health
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.
പഠന വൈകല്യങ്ങളെ ഇങ്ങനെ തരംതിരിക്കാം
1. ഡിസ് ലെക്സിയ - Dyslexia
വായിക്കാനുള്ള ബുദ്ധിമുട്ട്, അക്ഷരങ്ങൾ മാറിപ്പോകുക, വാക്കുകൾ തിരിച്ചറിയാൻ പ്രയാസം, വേഗം കുറഞ്ഞ വായന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
2. ഡിസ് ഗ്രാഫിയ - Dysgraphia
എഴുതാനുള്ള ബുദ്ധിമുട്ട്, മോശം കയ്യക്ഷരം, വാക്യങ്ങൾ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്, സ്പെല്ലിംഗ് തെറ്റുകൾ.
3. ഡിസ്കാൽകൂലിയ - Dyscalculia
കണക്കുകൂട്ടാനുള്ള ബുദ്ധിമുട്ട്, സംഖ്യകൾ തിരിച്ചറിയാനും ഗണിതശാസ്ത്ര ആശയങ്ങൾ മനസിലാക്കാനുമുള്ള പ്രയാസം.
4. ഡിസ്പ്രാക്സിയ - Dyspraxia
ചലനങ്ങളുടെ ഏകോപനത്തിനുള്ള ബുദ്ധിമുട്ട്, സാധനങ്ങൾ പിടിക്കുക, ഷൂ ലൈസ് കെട്ടുക തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാവുക
5. എഡിഎച്ച്ഡി, എഎസ്ഡി - ADHD, ASD
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന തകരാറുകൾ പഠനത്തെ പരോക്ഷമായി ബാധിക്കും
കുട്ടികളിൽ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ
* പരീക്ഷാസമയത്ത് നന്നായി പഠിച്ച കുട്ടിക്ക് ഉത്തരക്കടലാസിൽ ഉത്തരങ്ങൾ എഴുതാനാവാത്ത അവസ്ഥ
* പറഞ്ഞുകൊടുക്കുമ്പോൾ ഉത്തരം പറയുകയും പിന്നീട് ചോദിക്കുമ്പോൾ ഉത്തരം കിട്ടാതിരിക്കുന്നത്
* കുട്ടികൾ എഴുതാൻ പേന അല്ലെങ്കിൽ പെൻസിൽ പിടിക്കുന്നത് ശരിയല്ലെങ്കിൽ, കൈ അക്ഷരം മോശമാണെങ്കിൽ, പഠിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ കാണിക്കുന്ന അസ്വസ്ഥതകൾ ഇവയെല്ലാം പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്
* അക്ഷരങ്ങൾ മാത്രമല്ല നിറം, അക്കം,ആകൃതി എന്നിവ മനസിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
District News
കോടിക്കുളം: മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ പ്രവര്ത്തനങ്ങളുമായി മുന്നേറുന്ന കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന് തുടര്ച്ചയായി ഇരട്ട നേട്ടം. കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ശുചിത്വ പഠനോത്സവത്തില് മികച്ച വിദ്യാലയമായി സ്കൂള് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, പഞ്ചായത്ത് തലത്തില് നടന്ന ഹരിതസേന റിപ്പോര്ട്ട് അവതരണത്തില് വിദ്യാര്ഥികള് മികച്ച പ്രകടനം കാഴ്ചവച്ചു.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില് വിദ്യാര്ഥികളില് ശാസ്ത്രീയമായ മനോഭാവം വളര്ത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാര്ത്ഥി ഹരിതസേന സ്കോളര്ഷിപ്പ്. പദ്ധതിയുടെ ഭാഗമായി നല്കുന്ന ഇക്കോ സെന്സ് -2025 സ്കോളര്ഷിപ്പിന് യുപി വിഭാഗത്തിലെ ആരാധ്യ സാബുവും എച്ച് എസ് വിഭാഗത്തിലെ അന്ഷിഫ ഷിനാജും അര്ഹരായി.
വിദ്യാലയത്തിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്ത്തനങ്ങള്ക്കും ശുചിത്വ പരിപാലനത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഹെഡ്മിസ്ട്രസ് ടെസി തോമസ് അറിയിച്ചു.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിദ്യാർഥി ഹരിത സേനാംഗങ്ങൾക്ക് സ്കോളർഷിപ്പ് വിതരണവും നടത്തി.
സ്കൂളിലെ വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ബ്ലോക്ക് മെംബർ അരുൺ ജോസ്, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, പ്രിൻസിപ്പൽ സജി കരോട്ട്, പ്രധാനാധ്യാപകൻ കെ.സി. ബിജു, അധ്യാപകരായ സംഗീത ജോസഫ്, ദീപ മാത്യു, ദീപ സാവൂൾ, പിടിഎ പ്രസിഡന്റ് ഷാജു നരിപ്പാറ, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൽപ്പറ്റ: ദേശീയപാത 766ല് തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്മിക്കുന്നതിനു സാധ്യത പഠിക്കാന് കേന്ദ്ര ഗതാഗത, റെയില്വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി സംയുക്ത വര്ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്ലമെന്റ് മണ്ഡലത്തില് സെന്ട്രല് റോഡ് ഇന്ഫ്രാസ്ട്രചര് ഫണ്ടില്നിന്ന്(സിആര്ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്ക്ക് അംഗീകാരം നല്കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള് ഉള്പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര് 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഡിസംബര് 19ന് എംപി നേരില്ക്കണ്ടപ്പോള് കത്തിലെ ആവശ്യങ്ങള് അനുഭാവപൂര്വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന് തുരങ്ക പാത നിര്മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്ചുവട്-പത്തനാപുരം(14 കിലോമീറ്റര്, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്, 26 കോടി)റോഡുകള്ക്കാണ് സിആര്ഐഎഫ് സ്കീമില് അംഗീകാരം.
താമരശേരി ചുരത്തില് നിരന്തരം മണ്ണിടിച്ചില് ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്ഘകാല പ്രവൃത്തികള് സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്ദേശം നല്കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്പിന് വളവുകള് വികസിപ്പിക്കുന്നതിനു കരാര് നല്കി.
2027 ഫെബ്രുവരിയില് പണി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ദേശീയപാത അഥോറിറ്റിക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Education
കോട്ടയം: നഴ്സുമാർക്ക് ജർമനിയിൽ ജോലി ചെയ്യാനും ഉയർന്ന വിദ്യാഭ്യാസം നേടാനും അവസരം. സീക്ക് കണ്സൽട്ടന്റ് വഴി ജർമനിയിലെ അംഗീകൃത ആശുപത്രികളിലും ഹെൽത്ത്കെയർ സ്ഥാപനങ്ങളിലുമുള്ള നഴ്സിംഗ് അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
2025-ൽ 3.65 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭ്യമാക്കി 360 നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ചത് സീക്ക് കണ്സൽട്ടന്റിന്റെ പ്രധാന നേട്ടമാണ്. നിരവധി നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ച് സൗജന്യ റിക്രൂട്ട്മെന്റിലൂടെ ജർമനിയിൽ ജോലി നേടിക്കൊടുത്തു.
ജിഎൻഎം, ബിഎസ്സി, എംഎസ്സി നഴ്സുമാർക്ക് മികച്ച ശന്പളം, സ്ഥിര ജോലി, പിആർ സാധ്യതയും. ഫോണ്: +91-9633621212, +91-9633741414.
International
ന്യൂയോർക്ക്: കോടിക്കണക്കിനു വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ തമ്മിൽ ചേരുകയും വേർപെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്ക പതുക്കെ രണ്ടായി പിളരുകയാണെന്നും അവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടാൻ പോകുകയാണെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആഫ്രിക്കൻ റിഫ്റ്റ്
കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളലാണ് ഈ മാറ്റത്തിനു കാരണമെന്ന് ഗവേഷകർ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ ആഫ്രിക്കയുടെ കിഴക്കൻ ഭാഗം (സൊമാലിയൻ പ്ലേറ്റ്), പ്രധാന ഭൂഖണ്ഡത്തിൽ (നുബിയൻ പ്ലേറ്റ്) നിന്ന് സാവധാനം അകലുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്ററോളം നീളത്തിലാണ് ഈ വിള്ളൽ പടർന്നുകിടക്കുന്നത്.
ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തിന്റെ പ്രധാന കേന്ദ്രം എത്യോപ്യയിലെ അഫാർ മേഖലയാണ്. -ട്രിപ്പിൾ ജംഗ്ഷൻ- എന്നു വിളിക്കപ്പെടുന്ന ഇവിടെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളാണ് (അറേബ്യൻ, നുബിയൻ, സൊമാലിയൻ) പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും ഈ വിള്ളലുകളിലൂടെയാണ് രൂപപ്പെട്ടത്. ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിലേക്കും ഈ വിള്ളൽ വ്യാപിക്കുകയാണ്.
പുതിയ സമുദ്രം രൂപപ്പെടും
ഈ പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. ഏകദേശം ഒരു വർഷംകൊണ്ട് ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ് പ്ലേറ്റുകൾ അകലുന്നത്. എന്നാൽ, കാലക്രമേണ ഭൂമിയുടെ പാളികൾ നേർത്തുവരികയും സമുദ്രനിരപ്പിന് താഴെയാവുകയും ചെയ്യും. ഈ വിള്ളലുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയൊരു ദ്വീപായി മാറുകയും ഇടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിനു വർഷങ്ങൾ കഴിയുമ്പോൾ, ഇന്നത്തെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂപടം പൂർണമായും മാറും.
മനുഷ്യനെ ബാധിക്കുമോ?
നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഈ മാറ്റം ഭൂമിക്കടിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലേറ്റുകൾ അകലുമ്പോൾ ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമായേക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു പുതിയ സമുദ്രം പൂർണമായി രൂപപ്പെടാൻ ഇനിയും ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തേക്കാം. നിലവിൽ വടക്കൻ മേഖലകളിലാണ് വിള്ളലിന്റെ വേഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മഹാമാറ്റം വരും തലമുറകൾക്കു മുന്നിൽ ഒരു പുതിയ ലോകഭൂപടംതന്നെ തുറന്നിടും എന്നതിൽ സംശയമില്ല.
Special News
കലിഫോര്ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില് മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്ഷത്തെ നിരീക്ഷണങ്ങള്ക്കും ഡാറ്റാ വിശകലനങ്ങള്ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്ണായക ഘട്ടത്തില് എത്തിയിരിക്കുകയാണ് ഗവേഷകര്.
എന്താണ് SETI@home?
1999ല് കലിഫോര്ണിയ സര്വകലാശാലയിലെ (ബെര്ക്ക്ലി) ഗവേഷകര് ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന് സൂപ്പര് കമ്പ്യൂട്ടറുകള്ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല് കമ്പ്യൂട്ടറുകളെ ഇന്റര്നെറ്റ് വഴി കോര്ത്തിണക്കി. സന്നദ്ധസേവകര് അവരുടെ കംപ്യൂട്ടറുകളില് ഒരു സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര് ഡേവിഡ് ആന്ഡേഴ്സന്റെ അഭിപ്രായത്തില്- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്നിന്നും ഒരു നിശ്ചിത ഫ്രീക്വന്സിയില് പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില് ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര് എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്
അന്യഗ്രഹ ജീവികള് അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്നിന്നും വേര്തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല് ഫോണുകള് മുതല് സാറ്റലൈറ്റുകള് വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്ട്ടിഫിഷല് ഇന്റലിജന്സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന് മനുഷ്യന്റെ ഇടപെടല് അത്യാവശ്യമാണ്. ഞങ്ങള് പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള് നടന്നത്. എന്നാല്, ഭാവിയിലെ ഗവേഷണങ്ങള്ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര് പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല് അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില് നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Kerala
തിരുവനന്തപുരം: ലേബർ കോഡുകളെക്കുറിച്ചു പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്കു ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസിലാക്കാനും വേണ്ടി മൂന്നു നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോണ്ക്ലേവ് തീരുമാനിച്ചു.
ജസ്റ്റീസ് ഗോപാലഗൗഡ, പ്രഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരാണു കമ്മിറ്റി അംഗങ്ങൾ. രണ്ടു ഗവേഷക വിദ്യാർഥികൾകൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്ക്ലേവ് പാസാക്കിയെന്നും മന്ത്രി പറഞ്ഞു
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു ശബരിമലയിലേക്ക് റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിഎംകെ എംപി തമിഴ് ശെൽവത്തിന്റെ ചോദ്യത്തിനു മറുപടിയായി ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധ്യതാ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കും. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് റെയിൽവേ ക്ലിയറൻസ് നൽകുകയും ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവർ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണത്തിനു പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത് ഒഴിവാക്കിയാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയാകും വരിക. മന്ത്രിസഭയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 10 ശതമാനം ഡിഎ കൂടി ശന്പളത്തിൽ ലയിപ്പിച്ച ശേഷം 10 ശതമാനം ശന്പള വർധന നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശരാശരി 5,000 രൂപ മുതൽ അര ലക്ഷം രൂപ വരെ ഓരോ ജീവനക്കാരനും ഇതുവഴി വർധന വരും.
നിലവിൽ ശന്പളവും പെൻഷനും നൽകാനായി ഒരു വർഷം വേണ്ടി വരുന്ന തുക 60,000 കോടി രൂപയാണ്. വർധന നടപ്പാക്കുന്നതോടെ ഇത് 80,000 കോടി രൂപ വരെയായി ഉയരും. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പ്രതിവർഷ തനതു വരുമാനമായി കണക്കാക്കുന്നത്.
കഴിഞ്ഞ ശന്പളപരിഷ്കരണത്തിന് ശേഷം കുറഞ്ഞ അടിസ്ഥാന ശന്പളം 23,500 രൂപയാണ്. കൂടിയത് 1.66 ലക്ഷവും. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 84,000 രൂപയുമാണ്.
ശന്പള വർധന വരുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശന്പളം 28,000- 30,000 രൂപയെങ്കിലുമായി ഉയരും. പെൻഷനും ആനുപാതികമായി വർധിക്കും. കഴിഞ്ഞ തവണ ശന്പള വർധനയിൽ 1.38 മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ അത് 1.40 വരെയാക്കാനാണ് പരിഗണന.
Health
ലണ്ടൻ: ഭക്ഷണത്തില് ചേര്ക്കുന്ന ചില രാസവസ്തുക്കള് മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള് സൃഷ്ടിക്കുമെന്ന് ഗവേഷകര്. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില് ലഭിക്കുന്ന "റെഡി ടു ഈറ്റ്' ഭക്ഷണപദാര്ഥങ്ങള് ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില് ചേര്ക്കുന്ന രാസവസ്തുക്കള് കാന്സര്, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില് ഉപയോഗിക്കുന്ന രാസവസ്തുക്കള്ക്കു കർശന നിയന്ത്രണം ഏര്പ്പെടുത്തണമെന്നും ഗവേഷകര്. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഹെല്ത്ത്, സെന്റര് ഫോര് എന്വയോണ്മെന്റല് ഹെല്ത്ത്, കെംസെക്, സസെക്സ് യൂണിവേഴ്സിറ്റി, ഡ്യൂക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്വകലശാലകളില്നിന്നുള്ള ഡസന് കണക്കിനു ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള് പൂര്ണതോതില് വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാനുള്ള ചെലവും ഉള്പ്പെടെയുള്ള മേഖലകളില് പരിമിതമായ വിലയിരുത്തലില് 640 ബില്യണ് ഡോളറിന്റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.
വന്ധ്യതയ്ക്കും കാരണം
ഗുരുതരമായ ദീര്ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഫ്തലേറ്റ്സ്, ബിസ്ഫെനോള്സ് എന്നിവ മനുഷ്യന്റെ ഹോര്മോണ് പ്രവര്ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില് കുട്ടികളുടെ എണ്ണത്തില് കുറവുണ്ടാക്കുകയും ചെയ്യും. ഫ്തലേറ്റുകള്, ബിസ്ഫെനോള്സ് തുടങ്ങിയ ഹോര്മോണ് തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില് തുടര്ന്നാല്, 2025നും 2100 നും ഇടയില് ലോകത്ത് 200 ദശലക്ഷം മുതല് 700 ദശലക്ഷം വരെ ജനനനിരക്കു കുറയാന് സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
രാസമലിനീകരണം
ബോസ്റ്റണ് കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രഫസര് ഫിലിപ്പ് ലാന്ഡ്രിഗന് ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല് രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്ധിച്ചു. ഇപ്പോള് ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള് ഉപയോഗത്തിലുണ്ട്. മരുന്നുകളില്നിന്നു വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില് പ്രവേശിക്കുന്നതിനു മുമ്പു കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര് പറയുന്നു.
STHREEDHANAM
ദിനംതോറും സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങള് പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള് മാറി. നിത്യേന നാം കേള്ക്കുന്ന വാര്ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല് ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല് കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന് വുമണ്, യുഎന് ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല് മാത്രം 50,000 സ്ത്രീകള് ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില് തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില് 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള് സ്വന്തം കുടുംബാംഗങ്ങളാല് കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന് പുറത്തുവിട്ട റിപ്പോര്ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന് പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്ഥ ചിന്താഗതിയും സൈബര് സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള് കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്ട്ട് പറയുന്നു.
ഇത്തരം കൊലകള് കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില് മൂന്നുപേര് എന്ന നിരക്കിലാണ് ആഫ്രിക്കയില് സ്ത്രീകള് കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള് തടയാന് യുഎന് മുന്നോട്ടുവയ്ക്കുന്ന നിര്ദേശങ്ങള്
* അതിക്രമങ്ങള് തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള് കൈകാര്യം ചെയ്യാന് പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല് സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള് മുന്കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്ക്ക് സേവനങ്ങള് ഉറപ്പാക്കുക.
* ബോധവല്ക്കരണ കാമ്പയിനുകള് നടത്തുക.
International
ലണ്ടന്: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്ക്കുമെന്നു ഗവേഷകര്. നഗരങ്ങള് അത്യാധുനികവത്കരിക്കുമ്പോള് മനുഷ്യകുലം വലിയ വിപത്തുകള് നേരിടേണ്ടിവരുമെന്നും ഗവേഷകര് മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര് അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള് മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്വകലാശാലയിലെയും സ്വിറ്റ്സര്ലന്ഡിലെ സൂറിച്ച് സര്വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില് മാറ്റിമറിച്ചതിനാല് മനുഷ്യകുലത്തിന്റെ നിലനില്പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല് തുടങ്ങിയ പ്രശ്നങ്ങള്ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്ക്കുകയും വിവിധ അലര്ജികള്ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള് പിടിപെടാനുള്ള സാധ്യത വര്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള് വര്ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില് താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള് ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില് മാറ്റിമറിച്ചതിനാല് നമ്മുടെ ശരീരങ്ങള്ക്ക് അതിനോടു പൂര്ണമായും പൊരുത്തപ്പെടാന് കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര് ലക്ചറര് ഡാനി ലോംഗ്മാന് പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്വയോണ്മെന്റല് മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര് പൂര്ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്, ഫീല്ഡ് പഠനങ്ങള്, ജനസംഖ്യാ ഗവേഷണം എന്നിവയില്നിന്നുള്ള കണ്ടെത്തലുകള് സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന് പറഞ്ഞു. പുതിയ വിവരങ്ങള് ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന് ഗവേഷകര് നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്ഘകാല പ്രത്യാഘാതങ്ങള് അവര് കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല് സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്ദപ്രതികരണ സംവിധാനങ്ങള് നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്ദം മാനസികാരോഗ്യപ്രശ്നങ്ങള്, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല് എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര് പറയുന്നു.
Sports
തിരുവനന്തപുരം: കായികപ്രകടനംപോലെ പഠനവും മുഖ്യമാണെന്നും വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള് ഭാവിയില് ഉപകരിക്കുമെന്നുമുള്ള ഉപദേശം നല്കി ഇന്ത്യന് മുന് ഹോക്കി താരം ഒളിമ്പ്യന് പി.ആര്. ശ്രീജേഷ്.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായ (സ്പോര്ട്സ്) ശ്രീജേഷ്, കേരള സ്പോര്ട്സ് ജേര്ണലിസ്റ്റ് അസോസിയേഷന് (കെഎസ്ജെഎ) നല്കിവരുന്ന സ്കൂള് കായിക മേളയിലെ മികച്ച അത് ലറ്റുകള്ക്കുള്ള അവാര്ഡ്ദാനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന് ജൂണിയര് ഹോക്കി ടീം പരിശീലകനുമാണ് ശ്രീജേഷ്.
2025 സ്കൂള് കായികമേളയിലെ മികച്ച പുരുഷ താരത്തിനുള്ള യു.എച്ച്. സിദ്ദിഖ് മെമ്മോറിയല് അവാര്ഡ് ജെ. നിവേദ് കൃഷ്ണയ്ക്കും വനിതാ താരത്തിനുള്ള പി.ടി. ബേബി മെമ്മോറിയല് അവാര്ഡ് ആദിത്യ അജിക്കും ശ്രീജേഷ് സമ്മാനിച്ചു. 5000 രൂപയും ട്രോഫിയുമാണ് അവാര്ഡ്.
തിരുവനന്തപുരം കൊമ്പന്സ് എഫ്സി ഡയറക്ടര് ആര്. അനില് കുമാര്, കേരള ഒളിമ്പിക് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര് എസ്.എന്. രഘുചന്ദ്രന് നായര് തുടങ്ങിയവര് സംസാരിച്ചു. പരിശീലകരായ പി.ഐ. ബാബു, ഡോ. ജിമ്മി ജോസഫ് എന്നിവരംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.